ജീവിതവിജയ രഹസ്യം
സുഹൃത്തേ ജീവിത വഴിയിൽ വഴിമുട്ടിയതായി നിങ്ങൾക്ക് അനുഭപെടാറുണ്ടോ?
നിങ്ങൾ തിരഞ്ഞെടുത്ത കോഴ്സ് നിങ്ങളുടെ മുൻപോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്താറുണ്ടോ?
എങ്കിൽ നിങ്ങൾ ഈ ചരിത്രം അറിയേണ്ടതുണ്ട്.
ജർമ്മനിയിലെ സമർഥനായ അധ്യാപകൻ തന്റെ ശിക്ഷ്യന് നൽകുന്ന ഒരു ഉപദേശം ഉണ്ട്. " തുടർപഠനത്തിനായി ഒരിക്കലും ഫിസിക്സ് തിരഞ്ഞെടുക്കരുത്. കാരണം അതിൽ ഒന്നും കണ്ടുപിടിക്കാൻ അവശേഷിക്കുന്നില്ല ". എന്നാൽ ഫിസിക്സിനെ അങ്ങേയറ്റം ഇഷ്ടപ്പെട്ട വിദ്യാർത്ഥി തുടർ പഠനത്തിനായി ഫിസിക്സ് തന്നെ തിരഞ്ഞെടുത്തു. താപോർജ്ജത്തിന്റെ ആഗിരണവും വികിരണവുമായിരുന്നു അദ്ദേഹത്തിനു ഇഷ്ടപെട്ട മേഖല. ഗണിതത്തിൽ ചാലിച്ച ചില തത്വങ്ങൾ ഫിസിക്സിൽ ഉപയോഗപ്പെടുത്തിപ്പോൾ അന്നുവരെ ഉണ്ടായിരുന്ന ക്രമമായി ഒഴുകുന്ന ഊർജ്ജമെന്ന സങ്കൽപ്പത്തെ പാക്കറ്റുകളായ ഊർജമാണെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. E=hu (u=frequency) എന്ന പ്രശസ്തമായ സമവാക്യം ശാസ്ത്രലോകത്തിനു പകർന്നു നൽകിയത് അദ്ദേഹമായിരുന്നു. സ്വാഭാവികമായും ഭൗതികശാസ്ത്രത്തിലെ ഗണിത സമവാക്യങ്ങൾ യാഥാസ്ഥിക ശാസ്ത്രലോകം സ്വീകരിക്കുവാൻ മടിച്ചു.20 വർഷങ്ങൾക്ക് ശേഷമാണു അദ്ദേഹത്തിന്റെ സമവാക്യങ്ങളെ ശാസ്ത്രലോകം അംഗീകരിച്ചത് . ഇതെല്ലാം കണ്ട് അതിനൊപ്പം എത്താൻ സാധിക്കാതെ സാക്ഷാൽ ഐൻസ്റ്റീൻ പോലും വിലപിച്ചു. അങ്ങനെ ആറ്റങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണങ്ങൾക്ക് വഴിവെച്ച ക്വാണ്ടം മെക്കാനിക്സ് എന്ന ശാസ്ത്രശാഖയുടെ ഉപജ്ഞാതാവായിത്തീർന്നു. 1918 ൽ ലോകം ഭൗതികശാസ്ത്രത്തിന് നോബൽ സമ്മാനം നൽകി ആദരിച്ചത് അദ്ദേഹത്തെയായിരുന്നു. അതെ, സാക്ഷാൽ മാക്സ് പ്ലാങ്ക്.
അങ്ങനെ പ്ലാങ്കും ഐൻസ്റ്റൈനും ബോറും മറ്റും തുടങ്ങിവെച്ച, പോളിയും ഹൈസൻ ബർഗുമൊക്കെ പിന്നീട് വളർത്തിയെടുത്ത ക്വാണ്ടം മെക്കാനിക്സിന്റെ കൊടുങ്കാറ്റിൽ ആധുനിക ശാസ്ത്രലോകം പുതിയ ചക്രവാളങ്ങൾ രചിച്ചു. പ്ലാങ്ക് തുടങ്ങിവെച്ച വിപ്ലവത്തിന് ശക്തിയും സൗന്ദര്യവും ആഴവും പരപ്പും അറിയണമെന്നുണ്ടെങ്കിൽ ഐൻസ്റ്റീന്റെ വിലാപം ഓർത്താൽ മതി.
ഈ സംഭവം നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട് അറിവിന്റെ, ദർശനത്തിന്റെ, ചിന്തയുടെ, കണ്ടെത്തലിന്റെ, അനുഭവത്തിന്റെ ഒരു പാതയും ഒരിക്കലും അവസാനിക്കുന്നില്ല. ഒരു വിജ്ഞാന ശാഖയിലും ഒരിക്കലും എല്ലാം കണ്ടുപിടിച്ചു എന്ന അവസ്ഥ ഒരിക്കലുമുണ്ടാവുകയുമില്ല. അവസരങ്ങൾ എന്നുമുണ്ട്, എവിടെയുമുണ്ട്. കാലത്തിനനുസരിച്ചു മാറുവാനുള്ള ധീരതയും ഉൾക്കാഴ്ചയും ഭാവനയും ഉൾക്കൊണ്ടാൽ ജീവിതത്തിൽ വഴിമുട്ടിയവനായി നാം മാറില്ല, തീർച്ച.
Comments
Post a Comment